മാറുന്ന അസമത്വത്തിന്റെ സ്വഭാവം
മാനവവികസനം വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും അതിനൊപ്പം മനുഷ്യന്റെ ജീവിത നിലവാരവും ഉൾചേർന്ന പ്രക്രിയയാണ്. മാനവ വികസന സൂചിക മൂന്ന് അടിസ്ഥാന തലങ്ങളിലൂടെ ജനങ്ങളുടെ ദീർഘകാല പുരോഗതി വിലയിരുത്തുന്നു. ദീർഘവും ആരോഗ്യകരവുമായ ജീവിതം, അറിവിലേക്കുള്ള പ്രവേശനം, മാന്യമായ ജീവിതനിലവാരം എന്നിവയിൽ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. 2019ലെ മാനവ വികസനം റിപ്പോർട്ട് “വരുമാനത്തിനപ്പുറം, ശരാശരിക്കപ്പുറം, ഇന്നത്തേതിനുമപ്പുറം. 21-ാം നൂറ്റാണ്ടിലെ മാനവവികസനത്തിലെ അസമത്വങ്ങൾ” എന്ന തലക്കെട്ടോടെയാണ് 2019 ഡിസംബർ 9-ാം തീയതി പ്രസിദ്ധീകരിച്ചത്. സാമ്പത്തികവളർച്ച യാന്ത്രികമായി വികസനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കുമെന്ന ആശയത്തിന് അതീതമായിട്ടാണ് മാനവവികസന സമീപനം യുഎൻഡിപി രൂപ്പെടുത്തിയിരിക്കുന്നത്. 1990-ലെ ആദ്യത്തെ മാനവവികസന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ദീർഘവും ആരോഗ്യപരവും സൃഷ്ടിപരവുമായ ജീവിതം ആസ്വദിക്കുന്ന ജനസാമാന്യത്തിന് ആവശ്യമായ ഒരു ചുറ്റുപാട് ഉണ്ടാക്കുകയെന്നതാണ് വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം. മാനവ വികസനത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണം അവതരിപ്പിച്ചത് വിഖ്യാത വികസന സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നാണ്. അദ്ദേഹം ‘വികസനം തന്നെ സ്വതന്ത്ര്യം’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യത്തെ വിപുലീകരിക്കുന്ന പ്രക്രിയയാണ് വികസനം. യുക്തിപരമായി തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിമിതപ്പെടുത്തുന്ന പലതരത്തിലുള്ള അസ്വാതന്ത്ര്യങ്ങളുടെ അപഹരണമാണ് വികസനം. ദാരിദ്ര്യം, അസമത്വം, സാമൂഹിക അവസരങ്ങളുടെ നിഷേധം എന്നിവ വികസനത്തെ തടസപ്പെടുത്തുന്നു. അസ്വാതന്ത്ര്യങ്ങളുടെ ഇത്തരത്തിലുള്ള മുഖ്യ സ്രോതസുകൾ വികസനത്തിന് തടസം സൃഷ്ടിക്കുന്നു. പലതരത്തിലുള്ള അസ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കുകയും, പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ പുതിയ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവിലേക്ക് എത്തിച്ചേരുകയെന്നതാണ് യഥാർത്ഥ വികസനമെന്ന് സെൻ ചൂണ്ടിക്കാട്ടുന്നു. സെന്നിന്റെ ഈ നിരീക്ഷണങ്ങൾ 2019-ലെ ലോക മാനവവികസന റിപ്പോർട്ട് അടിവരയിടുകയാണ് ചെയ്യുന്നത്.
1990-ലെ ഒന്നാമത്തെ മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ നിന്നും വളരെ വിഭിന്നമായ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അടിസ്ഥാന ജീവിത നിലവാരത്തിൽ അഭിവൃദ്ധി പ്രകടമാകുന്നുവെങ്കിലും പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ ആഗോളതലത്തിലും ഇന്ത്യയിലും സാധിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിൽ അസമത്വങ്ങൾ സൃഷ്ടിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക വിദ്യയിലുള്ള വളർച്ചയുംമൂലമാണ്.
ഒരു രാജ്യത്തെ അടിസ്ഥാന മാനവ വികസന നേട്ടങ്ങളുടെ ശരാശരി അളവാണ് മാനവവികസന സൂചിക. എല്ലാ ശരാശരിയെയും പോലെ എച്ച്ഡിഐ രാജ്യതലത്തിൽ ജനസംഖ്യയിലുടനീളം മാനവവികസനത്തിലെ വിതരണത്തിലെ അസമത്വം മറയ്ക്കുന്നു. ഇത് പരിഹരിക്കാനാണ് 2010-ലെ മാനവവികസന റിപ്പോർട്ട് അസമത്വ നിയന്ത്രിത മാനവവികസന സൂചിക അവതരിപ്പിച്ചത്. ഐഎച്ച്ഡിഐ പ്രകാരം എച്ച്ഡിഐയുടെ മൂന്ന് തലങ്ങളിലുള്ള അസമത്വം പരിഗണിക്കുന്നു. ഓരോ അളവുകളുടെയും ശരാശരി മൂല്യത്തെ അതിന്റെ അസമത്വ നിലവാരത്തിനനുസരിച്ച് ‘ഡിസ്കൗണ്ട്’ ചെയ്യുന്നു. ഐഎച്ച്ഡിഐ അടിസ്ഥാനപരമായ അസമത്വങ്ങൾക്ക് കിഴിവുള്ള എച്ച്ഡിഐയാണ്. എച്ച്ഡിഐയും ഐഎച്ച്ഡിഐയും തമ്മിലുള്ള വ്യത്യാസമാണ് അസമത്വംമൂലം മാനവ വികസനത്തിലെ ‘നഷ്ടം’ നൽകുന്നത്. ഒരു രാജ്യത്ത് അസമത്വം കൂടുന്നതിനനുസരിച്ച് മാനവവികസനത്തിലും നഷ്ടം സംഭവിക്കുന്നു.
2019-ലെ മാനവവികസന സൂചികയിൽ 189 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ റാങ്ക് 129-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു റാങ്ക് മെച്ചപ്പെടുത്തി. 1990നും 2018നുമിടയിൽ ഇന്ത്യയുടെ എച്ച്ഡിഐ മൂല്യം 50 ശതമാനം വർധിച്ചു. (0. 431 ൽ നിന്ന് 0. 647 ആയി). മാനവവികസ റിപ്പോർട്ട് 2019 പ്രകാരം 2005നും 2015നുമിടയിൽ ഇന്ത്യയിൽ 271 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പങ്ക് ബഹുമുഖ ദാരിദ്യ്രം അനുഭവിക്കുന്നവർ ഇന്ത്യക്കാരാണ്. ലോകത്തെ ദരിദ്രരിൽ 25 ശതമാനത്തോളം ഇന്ത്യക്കാരാണ്.
വിവിധ സൂചകങ്ങളിൽ നേരിയ പുരോഗതി പ്രകടമാണെങ്കിലും ലിംഗാധിഷ്ഠിത അസമത്വം ഇന്ത്യയിൽ ഉയർന്ന നിലയിലാണ്. 2010-ലെ മാനവ വികസന റിപ്പോർട്ട് മുന്നോട്ടുവച്ച സൂചികയാണ് ലിംഗ അസമത്വ സൂചിക. ലിംഗാധിഷ്ഠിത അസമത്വങ്ങളെ മൂന്ന് തലത്തിൽ വിലയിരുത്തുന്നു. അവ പ്രത്യുൽപ്പാദന ആരോഗ്യം, ശാക്തീകരണം, സാമ്പത്തിക പ്രവർത്തനം എന്നിവയാണ്. പ്രത്യുല്പാദന ആരോഗ്യം അളക്കുന്നത് മാതൃമരണവും, കൗമാര ജനനനിരക്കും അനുസരിച്ചാണ്. സ്ത്രീകളുടെ പാർലമെന്റ് സീറ്റുകളുടെ വിഹിതവും, ഓരോ ലിംഗഭേദവും സെക്കൻഡറി ഉന്നത വിദ്യാഭ്യാസത്തിൽ നേടിയെടുക്കുന്നതുമാണ് ശാക്തീകരണത്തിൽ അളക്കുന്നത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും തൊഴിൽ വിപണി പങ്കാളിത്ത നിരക്ക് സാമ്പത്തിക പ്രവർത്തനമായി പരിഗണിക്കുന്നു. ഈ മൂന്ന് ജിഐഐ അളവുകോലുകളിലൂടെ സ്ത്രീ-പുരുഷ നേട്ടങ്ങൾ തമ്മിലുള്ള അസമത്വംമൂലം മനുഷ്യവികസനത്തിലെ നഷ്ടം എന്നാണ് ജിഐഐ വ്യാഖ്യാനിക്കുന്നത്. ഇന്ത്യയുടെ ജിഐഐ മൂല്യം 0. 501 ആണ്. 2018-ലെ ലിംഗ അസമത്വസൂചികയിലെ 162 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 122-ാമതാണ്.
ലോകം ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവരുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ലോകം മറ്റൊരു തരത്തിലേക്കുള്ള ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നുവെന്ന് 2019-ലെ മാനവവികസന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഴയ അസമത്വങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളെയും പ്രവേശനത്തെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിൽ ഇന്നത് കാലാവസ്ഥ വ്യതിയാനത്തെയും സാങ്കേതികവിദ്യയുടെ വളർച്ചയെയും ആധാരമാക്കിയാണ്. എന്നാൽ ഇന്ത്യ ഇന്ന് അനുഭവിക്കുന്നത് രണ്ട് തരത്തിലുള്ള ദാരിദ്ര്യമാണ്.
ആരോഗ്യസംരക്ഷണത്തിലെ അപര്യാപ്തത, വിദ്യാഭ്യാസ ലഭ്യതക്കുറവ്, മോശപ്പെട്ട ജീവിതനിലവാരം എന്നിവയിലൂടെ ഇന്ത്യയിലെ പകുതി ഇന്ത്യക്കാർ ദാരിദ്ര്യം അനുഭവിക്കുന്നു. അതിനൊപ്പം പുതിയ വികസന മാനദണ്ഡമായ കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക വിദ്യയിലുള്ള കുതിപ്പ് എന്നിവയിലൂടെയും ഇന്ത്യയിലെ ജനത ദാരിദ്ര്യം അനുഭവിക്കുന്നു. ഇത്തരത്തിലുള്ള ബഹുമുഖമായ ദാരിദ്ര്യം ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തെപ്പോലും അപകടപ്പെടുത്തുമെന്ന് 2019-ലെ മാനവ വികസന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലെ പത്തിൽ നാല് പേർക്കും ഇപ്പോഴും ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ല, അതിനൊപ്പം കാലാവസ്ഥ വ്യതിയാനത്തിന് ദരിദ്ര സമൂഹങ്ങൾ ഇരയായി മാറുമെന്ന് ഈ റിപ്പോർട്ട് സൂചന നൽകുന്നു. ഏഷ്യയിലെ പല രാജ്യങ്ങളിലും താപനില 1.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള സാഹചര്യത്തിൽ ദരിദ്രജനതയ്ക്ക് അതിജീവനംപോലും അപകടത്തിലാകുന്നു. സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾമൂലം വരുമാനത്തിൽ കുറവും, ഭക്ഷ്യവസ്തുക്കളുടെ വർധനവുംമൂലം സാധാരണ ജനതയ്ക്ക് പ്രാഥമികാവശ്യങ്ങൾ പോലും നേടിയെടുക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയുടെ അസമമായ വിതരണം രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുമെന്ന് 2019-ലെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് അസമത്വത്തെ മൂന്ന് ഘട്ടങ്ങളിലായി വിശകലനം ചെയ്യുന്നു. അവ പ്രധാനമായി വരുമാനത്തിനപ്പുറം ചിന്തിക്കുന്നു. ശരാശരിക്കപ്പുറത്തേക്ക് നോക്കുന്നു, കൂടാതെ ഇന്നത്തേതിനപ്പുറമുള്ള ആസൂത്രണത്തിലേക്ക് വിരൽചൂണ്ടുന്നു. അസമത്വത്തിന്റെ പ്രശ്നപരിഹാര രീതി എളുപ്പത്തിൽ നിർദേശിക്കാൻ സാധ്യമല്ല മറിച്ച് മികച്ച നയരൂപീകരണത്തിലൂടെ മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളു. അസമത്വത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുകയെന്നതാണ് ആദ്യപടി. അടുത്തതായി ഓരോ വ്യക്തിയും ചെയ്യേണ്ടത് സൂക്ഷ്മമായ തെരഞ്ഞെടുപ്പാണ് എന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അച്ചിംസ്റ്റെയ്നർ സൂചിപ്പിക്കുന്നു.
കാലാവസ്ഥ വ്യതിയാനവും സാങ്കേതിക വളർച്ചയുടെ വികാസവും ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ഭരണതലത്തിൽ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തി വിവിധങ്ങളായ ക്ഷേമാധിഷ്ഠിത നയങ്ങൾ ആവിഷ്കരിക്കണം. സാങ്കേതിക വിദ്യയുടെ മാറ്റം, കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന ഭീഷണികൾ, ലിംഗപരമായ അസമത്വം, സാർവത്രികമായ ആരോഗ്യ സംരക്ഷണം, ശിശുപോഷണം, നെെപുണി വികാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ മുന്നേറണം. സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി മാനവ വികസനത്തിന്റെ ഒത്തുചേരലിനായി ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വികസന സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവർ ചർച്ചചെയ്ത് വിശാലമായ ജനക്ഷേമ നയപരിപാടികൾ ആവിഷ്കരിച്ച് മുന്നേറണമെന്ന സൂചനയാണ് ഈ വർഷത്തെ മാനവവികസന റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.
No comments:
Post a Comment